ഭക്ഷ്യകിറ്റ് നശിച്ച സംഭവം: ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ്; നിലമ്പൂരില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് രാജിവെച്ചു



വയനാട് എംപി രാഹുല്‍ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിതരണം ചെയ്യാതെ നശിച്ചുപോയ സംഭവത്തെത്തുടര്‍ന്ന് നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

വിതരണം ചെയ്യാത്തതിനെത്തുടര്‍ന്ന് 250ഓളം ഭക്ഷ്യകിറ്റുകള്‍ നശിച്ചുപോയത് വലിയ വിവാദമായിരുന്നു. മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്ന് കിറ്റുകള്‍ പുഴുവരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

നിലമ്പൂരിലെ പ്രളയബാധിതര്‍ക്കായി കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളാണ് പുഴുവരിച്ചത്. പഴയ നഗരസഭ ഓഫീസിനുമുന്നിലെ വാടക കെട്ടിടത്തില്‍ മാസങ്ങളായി കെട്ടിക്കിടന്ന കിറ്റുകള്‍ കാലപ്പഴക്കത്തിലാണ് നശിച്ചത്.

ഭക്ഷ്യധാന്യങ്ങള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍ മറ്റ് പ്രളയസഹായങ്ങള്‍ എന്നിവയാണ് നശിച്ച നിലയില്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങളുള്‍പ്പടെ പുഴുവരിച്ച നിലയിലായിരുന്നു. കടമുറി വാടകകയ്‌ക്കെടുക്കാന്‍ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌