എത്ര ഉന്നതരായാലും വിമതരെ തിരിച്ചെടുക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വിമതരായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അവര്‍ എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഏത് ഉന്നത നേതാവായാലും അച്ചടക്കം അനിവാര്യമാണെന്നും വിമത സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമതരായി മത്സരിക്കുന്ന 17 പേരെ ലീഗില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
പാര്‍ട്ടി നയങ്ങളെ അനുസരിക്കുകയെന്നതാണ് പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാനം. താഴെതട്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സമിതി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. എത്ര ഉന്നതനായാലും പാര്‍ട്ടി നിര്‍ദേശങ്ങള്‍ അനുസരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും തങ്ങള്‍ നിലപാട് വ്യക്തമാക്കി. മൂന്നുപ്രാവശ്യം മത്സരിച്ചവര്‍ മാറണം എന്നത് പാര്‍ട്ടി തീരുമാനമായിരുന്നെന്നും ഈ തീരുമാനം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ളത് സഖ്യമല്ലെന്നും തെരഞ്ഞെടുപ്പിനായി പ്രാദേശിക തലങ്ങളിലുള്ള ധാരണമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ ബന്ധം ലീഗിന് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങള്‍