ന്യൂനമര്‍ദം നാളെ പുലര്‍ച്ചെയോടെ ‘ബുറേവി’ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മറ്റന്നാള്‍ ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്



തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദം നാളെ പുലര്‍ച്ചെയോടെ ചുഴലിക്കാറ്റായി

മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ‘ബുറേവി’ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ശ്രീലങ്കന്‍ തീരം തൊടാന്‍ സാധ്യത.

തുടര്‍ന്ന് വ്യാഴാഴ്ച്ചയോടെ കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

നാളെ മുതല്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലായിരിക്കും മഴ കനക്കുക. തെക്കന്‍ കേരളത്തിലെ മലയോര ജില്ലകളില്‍ ബുധനാഴ്ച അതിതീവ്ര മഴയ്ക്കാണ് സാധ്യത. ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

പൊതുജനങ്ങള്‍ പൊതുവിലും മലയോര മേഖലകളിലുള്ളവര്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു.

കടല്‍ അതിപ്രക്ഷുബ്ദമാകാനും അതിശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. താലൂക്ക് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌