ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തിയ പെൺകുട്ടി മരിച്ചു
പൈനാവ്: ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തിയ ദളിത് പെൺകുട്ടി മരിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഒക്ടോബർ 22നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ അയൽവാസിയും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ മനുവിനെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സംഘടനയിൽ നിന്ന് ഡി.വൈ.എഫ്.ഐ പുറത്താക്കുകയും ചെയ്തു. അറസ്റ്റിലായ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് തിരുവനനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ വീണ്ടും മോശമാവുകയും മരിക്കുകയുമായിരുന്നു
(Note: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
അഭിപ്രായങ്ങള്‍