വാഹനപരിശോധന: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുണ്ടായ വേറിട്ട അനുഭവം



വാഹനപരിശോധനക്കിടെ  ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ  എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് വേറിട്ട അനുഭവമാണ് .  ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചെത്തിയ എഞ്ചിനീയറിംഗ്  വിദ്യാർഥികളാണ് ആനച്ചാലിൽ വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നിൽപ്പെട്ടത്. വിദ്യാർഥികളായതു കൊണ്ട് ചെറിയ പിഴ  നൽകി പൊലീസ് രസീത് കൊടുത്തു.

പക്ഷേ വിദ്യാർഥികളുടെ കയ്യിൽ പണം ഇല്ലായിരുന്നു. സാർ ഇനി ഒരിക്കലും ഹെൽമറ്റില്ലാതെ വാഹനം ഓടിക്കില്ലെന്ന് അവർ പൊലീസിനോട് അപേക്ഷിച്ചു. പക്ഷേ പിഴ TR 5 ബുക്കിൽ എഴുതിയതുകൊണ്ട് പണം അടയ്ക്കാതെ വഴിയില്ലല്ലോ.  ബാഗും പഴ്സും കൂട്ടുകാരന്റെ പോക്കറ്റും തപ്പിപ്പെറുക്കി.  പൈസ തികഞ്ഞില്ല. ഒരു 50 രൂപ നോട്ടും ബാക്കി 20, 10, രണ്ട് 5 രൂപ നാണയങ്ങൾ‌ എന്നിവയും കിട്ടി. കിട്ടിയ കാശ്  പൊലീസിനു നൽകിയപ്പോഴാണു ഇവരുടെ കൈവശം ആവശ്യത്തിനു പണമില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർക്കു മനസ്സിലായത്.വിദ്യാർഥികളുടെ നിസ്സഹായാവസ്ഥ കേട്ടതോടെ പണം തിരികെ കൊടുത്ത് ഇവരെ വിട്ടയച്ചു. 

തുടർന്നു എസ്ഐ എം.എസ്.ഫൈസൽ തന്റെ പക്കലുള്ള പണമെടുത്തു പിഴത്തുകയായി മാറ്റിവച്ചു. എസ്ഐ വേണുഗോപാൽ, സിപിഒ ജനീഷ് ചേരമ്പിള്ളി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. എന്നാൽ 2 മണിക്കൂർ കഴിഞ്ഞ് ഹെൽമറ്റ് വച്ചു ഇതേ വിദ്യാർഥികൾ ആലങ്ങാട് സ്റ്റേഷനിലെത്തി.

പിഴ അടയ്ക്കാൻ കൂട്ടുകാരോടു കടം വാങ്ങിയ 200 രൂപയും അവരുടെ കൈവശമുണ്ടായിരുന്നു.  പിഴ അടയ്ക്കാൻ വന്നതാണെന്ന് വിദ്യാർഥികൾ അറിയിച്ചെങ്കിലും പൊലീസ് പണം വാങ്ങിയില്ല; പകരം, വാഹനമോടിക്കുമ്പോൾ കൃത്യമായ നിയമങ്ങൾ പാലിക്കണമെന്ന ഉപദേശം നൽകി അവരെ മടക്കിയയച്ചു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌