വെബ്സൈറ്റിലെ പിഴവ് കണ്ടെത്തിയ കണ്ണൂർ സ്വദേശിക്ക് ആപ്പിളിന്റെ അംഗീകാരം
കണ്ണൂർ : സുരക്ഷാ പിഴവു ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക്ക് ആപ്പിളിന്റെ വെബ് സെർവർ ക്രഡിറ്റ് (ഹാൾ ഓഫ് ഫെയിം) അംഗീകാരം. പയ്യന്നൂർ കാങ്കോലിലെ പി.വി. ജിഷ്ണു(22) ആണ് ലോകത്ത് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ആപ്പിൾ വെബ്‌സൈറ്റിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിനെ അഭിനന്ദിച്ച ആപ്പിൾ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
ആപ്പിൾ ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ആപ്പിൾ വെബ്‌സെർവർ ക്രഡിറ്റ് നൽകുന്നത്. ആപ്പിളിന്റെ സബ് ഡൊമൈനായ artists.apple.com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും മാറ്റും വരുത്താനും അടക്കം ഹാക്കർമാർക്ക് സാധിക്കുമായിരുന്നു. ഈ വീഴ്ചയും പരിഹാര മാർഗങ്ങളുമാണ് ജിഷ്ണു കണ്ടെത്തിയത്.
ഇതു പരിശോധിച്ച ആപ്പിളിനു സുരക്ഷാ വീഴ്ചയുടെ ഗൗരവം ബോധ്യപ്പെടുകയും അതു പരിഹരിക്കുകയും ചെയ്തു. തുടർന്നാണു ജിഷ്ണുവിന് വെബ് സെർവർ ക്രഡിറ്റ് നൽകിയത്. ഇക്കാര്യം ആപ്പിളിന്റെ വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ജിഷ്ണുവിനെ ഇ-മെയിൽ മുഖേന അറിയിക്കുകയും ചെയ്തു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള എത്തിക്കൽ ഹാക്കർമാർ പങ്കെടുക്കുന്ന ആപ്പിളിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ജിഷ്ണു ഇതു കണ്ടെത്തിയത്. നേരത്തെ മൈക്രോസോഫ്റ്റ്, ഇന്റൽ, ഡെൽ, ഓപ്പോ, നെറ്റ് ഗിയർ തുടങ്ങി 40ൽ അധികം വെബ്‌സൈറ്റുകളുടെ സെക്യൂരിറ്റി പിഴവുകൾ ചൂണ്ടിക്കാട്ടി ഹാൾ ഓഫ് ഫെയിമും പ്രതിഫലവും ഉപഹാരവുമെല്ലാം ജിഷ്ണു നേടിയിട്ടുണ്ട്.
കണ്ണൂർ പയ്യന്നൂരിനടുത്ത കാങ്കോൽ പാനോത്തെ പി.വി.ജനാർദനന്റെയും പരേതയായ പി.വി.സരോജിനിയുടെയും മകനാണ്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബിസിഎ പഠനം പൂർത്തിയാക്കി. നിലവിൽ ബഹുരാഷ്ട്ര കമ്പനിയായ ജാസ്പ്.കോമിന്റെ (jazp.com)) കണ്ണൂർ ഓഫിസിൽ സോഫ്റ്റ് വെയർ ഡവലപ്പറായി ജോലി ചെയ്യുന്നു.
അഭിപ്രായങ്ങള്‍