സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018 ലെ ഇ- ഗവേണൻസ് അവാർഡിലെ സോഷ്യല്‍ മീഡിയാ വിഭാഗത്തിലെ ഒന്നാം സ്ഥാനം കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന് ലഭിച്ചു.
ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018 ലെ ഇ- ഗവേണൻസ് അവാർഡിലെ സോഷ്യല്‍ മീഡിയാ വിഭാഗത്തിലെ ഒന്നാം സ്ഥാനം കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന് ലഭിച്ചു. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങൾ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇ ഗവേണൻസ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പർക്ക രീതികളിൽ നിന്ന് വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടലിന് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കേരള പോലീസിന് ഈ അവാർഡ് ലഭിച്ചത്. കേരളാ പോലീസിന്‍റെ സോഷ്യൽ മീഡിയ വിഭാഗം ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജനപ്രീതി ആർജ്ജിക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയുമുണ്ടായി. പോലീസിന്റെ മാർഗ്ഗനിർദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക്, സൈബർ സംബന്ധമായ ബോധവൽക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങൾക്ക് പ്രയോജനകരമായ വിവരങ്ങൾ നൽകുന്നതിന് നവമാധ്യമങ്ങളുടെ സാധ്യതകൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന കേരള പോലീസിന്റെ പ്രവർത്തനങ്ങൾക്ക് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്.
ട്രോളുകളിലൂടെയും വിഡിയോകളിലൂടെയും രസകരമായ മറുപടികളിലൂടെയും മലയാളി മനസുകളെ കീഴടക്കിയ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് 15 ലക്ഷം ഫോളോവേഴ്‌സുമായി ലോകത്തെ പോലീസ് ഫേസ്ബുക് പേജുകളിൽ മുൻനിരയിലാണ്.
എ ഡി ജി പി മനോജ് എബ്രഹാം നേതൃത്വം നൽകുന്ന കേരള പോലീസ് സോഷ്യൽ മീഡിയ സെൽ കൈകാര്യം ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരായ കമലനാഥ് കെ ആർ, ബിമൽ വി എസ്, സന്തോഷ് പി എസ്, അരുൺ ബി ടി, സന്തോഷ് കെ, അഖിൽ പി എന്നിവരാണ്.
മുൻ ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ അധ്യക്ഷയായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്
അഭിപ്രായങ്ങള്‍