ഇൻകം ടാക്സ് ഓഫിസർ ചമഞ്ഞു കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് 2 ലക്ഷം രൂപയുടെ സ്വർണാഭരണം തട്ടി




കണ്ണൂർ ∙ ഇൻകം ടാക്സ് ഓഫിസർ ചമഞ്ഞു നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് 2 ലക്ഷം രൂപയുടെ സ്വർണാഭരണം തട്ടി. ബാങ്ക് റോഡിലെ രാമചന്ദ്രൻസ് നീലകണ്ഠ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം നടന്നത്. ‘മഞ്ജുനാഥ്’ എന്നു പേരു പറയുകയും ഇൻകം ടാക്സ് ഓഫീസർ എന്നു പരിചയപ്പെടുത്തുകയും ചെയ്ത യുവാവ് ആണ് സ്വർണാഭരണങ്ങൾ വ്യാജ ഓൺലൈൻ ക്യാഷ് ട്രാൻസ്ഫറിലൂടെ തട്ടിയെടുത്തത്. മാലയും മോതിരവും ഉൾപ്പെടെ 41.710 ഗ്രാം സ്വർണാഭരണം വാങ്ങി ഇയാൾ. പിന്നീട് ഓൺലൈൻ ട്രാൻസാക്‌ഷൻ നടത്താമെന്നു പറഞ്ഞ് യുവാവ് പണം അടച്ചതിന്റെ മെസേജ് കടയുടമയെ കാണിച്ചു. ശേഷം സ്വർണാഭരണവുമായി ഇയാൾ പോയി. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം ലഭിച്ചില്ലെന്ന് കടയുടമ അറിയുന്നത്. ജ്വല്ലറി അധികൃതർ പരാതി നൽകി. ടൗൺ പൊലീസ് അന്വേഷണം നടത്തുകയും ഇയാൾ സഞ്ചരിച്ച കാർ കണ്ടെത്തുകയും ചെയ്തു. യുവാവു കർണാടകയിലേക്കു കടന്നതായി സൂചന ലഭിച്ചു. 

ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ച ഇയാളുടെ ദൃശ്യം ജ്വല്ലറിയിലെ സിസിടിവിയിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ സമാന രീതിയിൽ കാസർകോട് ഉപ്പളയിൽ തട്ടിപ്പിനു ശ്രമം നടത്തിയതായും വിവരം ലഭിച്ചു. പണം മതിയെന്ന് കടയുടമ നിർബന്ധം പിടിച്ചപ്പോൾ ഇയാൾ മടങ്ങുകയായിരുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പണം കൈമാറുമ്പോൾ സൂക്ഷിക്കണമെന്ന് പൊലീസ് പറഞ്ഞു. പറ്റുമ്പോഴെല്ലാം ബാങ്ക് അക്കൗണ്ട് പരിശോധിക്കണം. മുഴുവൻ വിവരങ്ങളും വായിച്ചു നോക്കി മാത്രം ഇ പേയ്മെന്റ് നടത്തണം. ഓൺലൈൻ ട്രാൻസാക്ഷൻ വഴി പരിചയമില്ലാത്ത ഉപഭോക്താവ് പണമിടപാട് നടത്തുമ്പോൾ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ പണം വന്നു എന്ന് ഉറപ്പായതിനു ശേഷം മാത്രം ഇടപാടുകൾ പൂർത്തിയാക്കണം. പിൻ നമ്പറുകൾ ആരുമായും പങ്കു വയ്ക്കരുതെന്നും ‘താങ്കൾക്കു സമ്മാനം ലഭിച്ചു’ എന്ന രീതിയിൽ ലഭിക്കുന്ന സന്ദേശങ്ങൾ അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌