ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍; ഇന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145ാം ജന്മദിനം



ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145ാം ജന്മദിനാണ് ഇന്ന്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ട പട്ടേലിന്റെ ജന്മദിനം ഏകതാ ദിനമായാണ് രാജ്യം ആചരിക്കുന്നത്. മികച്ച അഭിഭാഷകനായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മഹാത്മാ ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഗാന്ധിജിയോടും ഗാന്ധിയന്‍ ആശയങ്ങളോടും അടങ്ങാത്ത ആരാധനയുമായി സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ പട്ടേലുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കര്‍ഷകരെയൊന്നാകെ കോര്‍ത്തിണക്കി സമരം നയിച്ചത് പട്ടേലായിരുന്നു.


ഗാന്ധിയന്‍ ആശയങ്ങളായ നിസഹകരണത്തിന്റെയും അഹിംസയുടേയും മാര്‍ഗമാണ് സമരത്തിലുടനീളം വല്ലഭായ് പട്ടേല്‍ സ്വീകരിച്ചത്. ശിഥിലമായി കിടന്ന ഇന്ത്യയെ ഒരുമിപ്പിക്കാന്‍ തികഞ്ഞ മതേതരവാദിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കിണഞ്ഞുശ്രമിച്ചു. സ്വയം ഭരണാവകാശമുള്ള 565ല്‍ പ്പരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനൊപ്പം അണിചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് പ്രകടിപ്പിച്ച നയതന്ത്ര വിരുതും അത്യന്തം ബുദ്ധിപൂര്‍വവുമായ നീക്കങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന വല്ലഭായ് പട്ടേല്‍ ഒരു രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് മറ്റാരെക്കാളും മനസിലാക്കിയ നേതാവായിരുന്നു. ഓള്‍ ഇന്ത്യ സര്‍വീസസ് രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പട്ടേല്‍, രാജ്യത്തിന്റെ ഉരുക്കുഘടന എന്നാണ് അതിനെ വിശേഷിപ്പിച്ചത്. 1950ല്‍ 75ാം വയസില്‍ പട്ടേല്‍ ജീവിതത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യത്തിന് നഷ്ടമായത് മികച്ച ഭരണ തന്ത്രജ്ഞനെയും നേതാവിനെയുമായിരുന്നു. 1991ല്‍ മരണാനാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌