പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തിരുവപ്പന ഉത്സവം തുടങ്ങി
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര തിരുവപ്പന ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റിയതോടെയാണ് ഉത്സവാഘോഷത്തിന് തുടക്കമായത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സാധാരണയായി നടക്കാറുള്ളത് പോലെ കലശം വരവും മറ്റ് ആഘോഷ പരിപാടികളും ഇത്തവണ ഉണ്ടാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. സാധാരണയായി കൊടിയേറ്റത്തിന് ശേഷം 15 ദേശങ്ങളിൽ നിന്നുള്ള കലശം വരവുകളാണ് മുത്തപ്പസന്നിധിയിൽ എത്തുക.ഇത്തവണ അത് സമീപത്തുള്ള കുന്നുമ്മൽ തറവാടിൽ നിന്നു മാത്രമായി ചുരുക്കിയിട്ടുണ്ട്.
മറ്റുള്ള ദേശങ്ങളിലെ കലശവുമായി എത്തുന്നവരുടെ പ്രതിനിധികളായി ഏതാനും പേർ മാത്രം ക്ഷേത്രത്തിൽ എത്തി മുത്തപ്പനെ തൊഴുത് തിരിച്ച് പോകും. ഉത്സവത്തിന്റെ ഭാഗമായി വെള്ളാട്ടവും ഇന്നുംനാളെയും പുലർച്ചെ 5 ന് തിരുവപ്പനയും കെട്ടിയാടും. 5ന് കലശാട്ടോടു കൂടി ഉത്സവം സമാപിക്കും. കലാപരിപാടികളും കരിമരുന്ന് പ്രയോഗവും ഇത്തവണ ഉണ്ടാവില്ല.
അഭിപ്രായങ്ങള്‍