ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിന് യുനെസ്കോ അംഗീകാരം



ഗുരുവായൂർ • പാരമ്പര്യത്തനിമയ്ക്ക് ക്ഷതമേൽക്കാതെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിച്ച ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിന് യുനെസ്കോയുടെ രാജ്യാന്തര പുരസ്കാരം ലഭിച്ചു. യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാര പട്ടികയിൽ ‘അവാർഡ് ഓഫ് ഡിസ്റ്റിങ്ഷൻ’ ആണ് ലഭിച്ചത്.

ടിവിഎസ് കമ്പനിക്ക് കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ആണ് കൂത്തമ്പലം നവീകരിച്ച് വഴിപാടായി സമർപിച്ചത്.

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ആർക്കിടെക്ട് എം.എം.വിനോദ്കുമാർ (ഡിഡി ആർക്കിടെക്ട്), എളവള്ളി ശിവദാസൻ ആചാരി എന്നിവർ നവീകരണത്തിന് നേതൃത്വം നൽകി. പ്രകാശ സംയോജനം ബെംഗളുരു അനുഷ മുത്തു സുബ്രഹ്മണ്യം നിർവഹിച്ചു.

കൂത്തമ്പലത്തിന്റെ മുകളിലെ ചെമ്പോലകളിലും അകത്ത് തടികൊണ്ടുള്ള നിർമിതികളിലും അടിച്ചിരുന്ന ഇനാമൽ പെയിന്റ് നീക്കം ചെയ്ത് പരിസ്ഥിതി സൗഹൃദ കോട്ടിങ് നൽകി. കരിങ്കല്ലിന്റെയും തറയുടെയും മരത്തിന്റെയും കേടുപാടുകൾ തീർത്തു. ശാസ്ത്രീയമായ രീതിയിൽ പ്രകാശവിനിമയ സംവിധാനം ഏർപെടുത്തി. പാരമ്പര്യം കൈവിടാതെ ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് നടത്തിയ നിർമാണത്തിന് ഒരു കോടിയോളം രൂപ ചെലവ് വന്നതായി നിർമാണം സ്പോൺസർ ചെയ്ത ടിവിഎസ് കമ്പനി അറിയിച്ചു.

2018 ഡിസംബറിൽ ആരംഭിച്ച് 2020 ഫെബ്രുവരി 18ന് പൂർത്തീകരിച്ച് ടിവിഎസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ.രാധാകൃഷ്ണൻ സമർപണം നടത്തി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അന്നത്തെ അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ മുൻകൈയെടുത്ത് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം.


ഗുരുവായൂർ കൂത്തമ്പലം

കേരളീയ വാസ്തുശിൽപ മാതൃകയുടെ ഉത്തമ ദൃഷ്ടാന്തമാണ് കൂത്തമ്പലങ്ങൾ. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനാണ് കൂത്തമ്പലങ്ങൾ നിർമിച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമാണ് കൂത്തമ്പലങ്ങൾക്കുള്ളത്. ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലം 1892ൽ നവീകരിച്ചതായി ദേവസ്വം രേഖകളിലുണ്ട്. 1975ൽ കൂത്തമ്പലത്തിലെ ചിത്രങ്ങൾ എഴുതി തെളിയിച്ചു. 1998ൽ കൂത്തമ്പലത്തിനകത്ത് തീപിടുത്തമുണ്ടായി ചിത്രങ്ങൾ പുകഞ്ഞ് നശിച്ചു. മരങ്ങൾക്കും കേടുപറ്റി.

 മറ്റു ക്ഷേത്രങ്ങളിലെ കൂത്തമ്പലവുമായി താരതമ്യം ചെയ്യുമ്പോൾ ഗുരുവായൂരിലെ കൂത്തമ്പലം നന്നേ ചെറുതാണ്. എന്നാൽ വാസ്തുശിൽപ വൈദഗ്ധ്യത്തിലും ആധ്യാത്മിക തേജസിലും പ്രൗഢി കൂടും. 1970 നവംബർ 30ന് രാത്രി ക്ഷേത്രം അഗ്നിക്കിരയായപ്പോൾ സ്വർണ ശ്രീലകത്തു നിന്ന് ഗുരുവായൂരപ്പന്റെ വിഗ്രഹം കൊണ്ടു വന്ന് തന്ത്രിയുടെ നിർദേശ പ്രകാരം സൂക്ഷിച്ചത് കൂത്തമ്പലത്തിലാണ്. ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളുടെ വിഗ്രഹവും ഇവിടയാണ് എത്തിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി എല്ലാ വർഷവും സഹസ്രകലശച്ചടങ്ങുകളുടെ ഒരുക്കം നടക്കുന്നത് കൂത്തമ്പലത്തിലാണ്. 975 വെള്ളിക്കുടങ്ങളും 26 സ്വർണക്കുടങ്ങളും നിരത്തി കലശദ്രവ്യങ്ങൾ നിറച്ച് പൂജ ചെയ്യുന്നത് കൂത്തമ്പലത്തിലാണ് എന്ന പ്രാധാന്യവുമുണ്ട്. മണ്ഡലകാലത്ത് 12 ദിവസം അംഗുലീയാങ്കം കൂത്തും ഉത്സവക്കാലത്ത് 9 ദിവസത്തെ പ്രബന്ധ കൂത്തും ഇവിടെ നടക്കും.

കുട്ടഞ്ചേരി ചാക്യാന്മാർക്കാണ് ഗുരുവായൂരിൽ കൂത്ത് നടത്താൻ അവകാശം. ഏറെ നാളായി കലാമണ്ഡലം സംഗീത് ചാക്യാരാണ് കൂത്ത് നടത്തി വരുന്നത്. കൂത്തമ്പലം നിൽക്കുന്ന സ്ഥലത്തിനും മാഹാത്മ്യം ഏറും. കൃഷ്ണനാട്ടം കർത്താവായ സാമൂതിരി മാനവേദരാജയ്ക്ക് ഗുരുവായൂരപ്പൻ ദർശനം നൽകിയത് ഇവിടെയായിരുന്നു. കൂത്തമ്പലം നിൽക്കുന്ന സ്ഥലത്തെ ഇലഞ്ഞിമരച്ചുവട്ടിൽ മണ്ണു വാരിക്കളിക്കുന്ന ഉണ്ണിക്കണ്ണനെയാണ് മാനവേദൻ കണ്ടത്. ഏറെ പവിത്രമായി കരുതുന്ന കൂത്തമ്പലം പാരമ്പര്യ സങ്കേതങ്ങൾക്ക് പോറൽ പോലും ഏൽക്കാതെ നവീകരിച്ചത് മറ്റു കൂത്തമ്പലങ്ങൾക്കും മാതൃകയാണ്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌