ലാനിന ശക്തിപ്പെടും, ഇന്ത്യന്‍ കാലാവസ്ഥയെ ബാധിക്കും




 ലാനിന ശക്തിപ്പെടും, ഇന്ത്യന്‍ കാലാവസ്ഥയെ ബാധിക്കും


ശാന്തസമുദ്രത്തിലെ സമുദ്രോപരിതല താപനിലയുമായി ബന്ധപ്പെട്ട ലാനിന പ്രതിഭാസം ഇടത്തരം, ശക്തമായ നിലയില്‍ എത്തുമെന്ന് യു.എന്‍ ഏജന്‍സിയായ ലോക കാലാവസ്ഥാ സംഘടന (ഡബ്ലു.എം.ഒ). ശാന്ത സമുദ്രത്തില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രിവരെ സമുദ്രോപരിതല താപനില കുറയുന്നതിനെയാണ് ലാനിന എന്നു പറയുന്നത്. ഭൂമധ്യരേഖയോടു ചേര്‍ന്ന കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ താപനില ഒക്ടോബര്‍ മുതല്‍ കുറയുന്നുണ്ട്. ഈ പ്രതിഭാസം 2021 ഫെബ്രുവരി വരെ തുടരാനാണ് സാധ്യത.


ആഗോള കാലാവസ്ഥയെ സ്വാധീനിക്കും

തെക്കേ അമേരിക്ക മുതല്‍ ഇന്തോനേഷ്യവരെയുള്ള സമുദ്രമേഖലയില്‍ ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശത്താണ് കടല്‍ജലം തണുക്കുന്നത്.  ലോകത്തിലെ ഏറ്റവും വലിയ സമുദ്രമേഖലയില്‍ ആയിരക്കണക്കിന് കിലോമീറ്ററുകളാണ് ഇത്തരത്തില്‍ കടല്‍ തണുക്കുക. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതിയെയും കടല്‍ ഒഴുക്കിനെയും ബാധിക്കുമെന്നും ലോകത്ത് വിവിധയിടങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുമെന്നും ഡബ്ല്യു.എം.ഒ ക്ലൈമറ്റ് സര്‍വിസസ് വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. മാക്‌സ് ഡില്ലെ പറഞ്ഞു. മധ്യേഷ്യയിലും ആഫ്രിക്കയിലും ലാനിന മഴ കുറയ്ക്കും. 

ലോകത്ത് ചിലയിടത്ത് മഴ, ചിലയിടത്ത് വരള്‍ച്ച

ലോക കാലാവസ്ഥാ സംഘടനയുടെ കാലാവസ്ഥാ പ്രവചന മാതൃകകള്‍ പ്രകാരം ദക്ഷിണ കിഴക്കന്‍ ഏഷ്യയിലും പസഫിക് ദ്വീപുകളിലും ലാറ്റിനമേരിക്കയുടെ വടക്കന്‍ മേഖലയിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും. കിഴക്കന്‍ ആഫ്രിക്കയില്‍ വരള്‍ച്ച അനുഭവപ്പെടും. ഈ മേഖലയില്‍ വെട്ടുകിളി ശല്യം രൂക്ഷമാകാനും ഭക്ഷ്യക്ഷാമം നേരിടാനും സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനം വരെ ലാനിന തുടരാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നും അടുത്തവര്‍ഷം മാര്‍ച്ച് വരെ തുടരാന്‍ 55 ശതമാനം സാധ്യതയാണുള്ളതെന്നും ഡബ്ല്യു.എം.ഒ പറയുന്നു. ഇത് ലോകവ്യാപകമായി ചൂട്, മഴ ലഭ്യതയെ പതിവില്‍ നിന്ന് വ്യത്യസ്തമാകാന്‍ ഇടയാക്കും. 

ഇന്ത്യയില്‍ ശൈത്യം കൂടും

ലാനിനയെ എല്‍ നിനോ ദക്ഷിണ ആന്ദോളനം (എന്‍സോ)യുടെ തണുത്ത ഭാഗം എന്ന് പറയാറുണ്ട്. ലാനിന ഉണ്ടാകുമ്പോള്‍ ഇന്ത്യയില്‍ വര്‍ഷക്കാലത്ത് അതിവര്‍ഷത്തിനും തണുപ്പുകാലത്ത് അതിശൈത്യത്തിനും കാരണമാകാറുണ്ട്. ഇത്തവണ ലാനിന ശൈത്യകാലത്തായതിനാല്‍ അതിശൈത്യമാകും ഫലം. ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ ശൈത്യതരംഗത്തിന് ലാനിന കാരണമാകാറുണ്ട്. ഉത്തരേന്ത്യയില്‍ ഇത്തവണ കൂടുതല്‍ ശൈത്യം അനുഭവപ്പെടുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നീരീക്ഷണം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സീസണല്‍ താപനില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് ലാനിനയുടെ ഭാഗമാണ്. ഇതിനു മുന്‍പ് 1994 ഒക്ടോബര്‍ 31 നാണ് താപനില 12.3 ഡിഗ്രിയിലെത്തിയത്. ഈ വര്‍ഷം ഒക്ടോബര്‍ 26 ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് 12.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തെക്കു,വടക്ക് ന്യൂനമര്‍ദങ്ങള്‍ ഉടലെടുക്കുന്നത് ലാനിന സാഹചര്യത്തില്‍ പതിവാണ്. ഇത് സൈബീരിയയില്‍ നിന്നുള്ള തണുത്ത കാറ്റിനെ ഇന്ത്യയിലേക്ക് അതിവേഗം എത്തിക്കാന്‍ കാരണമാകും. 


തുലാവര്‍ഷം സാധാരണ രീതിയില്‍

തുലാവര്‍ഷത്തെ ലാനിന ശക്തിപ്പെടുത്താറില്ലെങ്കിലും ഇത്തവണ മഴ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യത കുറവാണെന്നാണ് നിഗമനം. ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും രൂപം കൊള്ളുന്ന സമയം കൂടിയാണ് അടുത്ത 2 മാസങ്ങള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ നോര്‍മലില്‍ തുടരുന്നതും ആഗോള മഴപ്പാത്തിയെന്നറിയപ്പെടുന്ന എം.ജെ.ഒ അടുത്തയാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നതും മഴ ശക്തിപ്പെടുത്താന്‍ ഇടയാക്കും. കാറ്റ് അനുകൂല ദിശയില്‍ അല്ലാത്തതാണ് ഇപ്പോള്‍ തുലാവര്‍ഷം വിട്ടുനില്‍ക്കുന്നതെന്നും ഈ മാസം 28 ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മഴ നവംബര്‍ 3 ന് ശേഷം ശക്തിപ്പെടുമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ പാനല്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌